
ഡൽഹി: ഇറാനില്‍ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലില്‍ സ്ഫോടനം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈല്‍ ആക്രമണം നടന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
മിസൈല്‍ ആക്രമണം ഉണ്ടായെന്ന് ബഹ്റൈൻ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ബഹ്റൈനിലെ യു എസ് നാവിക സേനാ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
ബഹ്റൈന്‍ പിന്നാലെ കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നു. യുഎഇയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാൻ്റെ ആക്രമണം. ഖത്തറിലെ അല്‍ ഉദൈദ വ്യോമത്താവളം, കുവൈത്തിലെ അല്‍ സാലേം വ്യോമത്താവളം ,യുഎഇയിലെ അല്‍ ദാഫ്റ വ്യോമത്താവളം, ബഹ്റൈനിലെ യു എസ് കേന്ദ്രം എന്നിവിടങ്ങളില്‍ മിസൈലാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇറാൻ മിസൈല്‍ പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിർദേശം നല്കി. സൈനിക താവളങ്ങള്‍ക്ക് സമീപത്ത് നിന്ന് ഒഴിയണമെന്നും ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത പൂർണമായും അടച്ചു.
“ഇറാനെ സ്വതന്ത്രമാക്കും, ഭീകര ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കും”; ട്രംപിൻ്റേത് ചരിത്രപരമായ നേതൃത്വമെന്ന് നെതന്യാഹു
ഇറാനിലെ ടെഹ്റാനിലാണ് ഇസ്രയേലും യുഎസും സംയുക്താക്രമണം നടത്തിയത്. ഇറാനില്‍ മാത്രം ആയിരത്തിലേറെ പേർ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കടല്‍ മാർഗവും വ്യോമമാർഗവും യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയത്. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തിയ ഇറാൻ ഇതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു. ഇറാൻ്റെ ഭരണസിരാ കേന്ദ്രങ്ങള്‍ക്ക് നേരെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇനി തുടർച്ചയായ ദിവസങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.



