പ്രളയബാധിതർക്ക് കൈത്താങ്ങുമായി അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ്: ദുരിതബാധിതർക്കായി ജില്ലാ ഭരണകൂടത്തിന് കൈമാറിയത് അരലക്ഷം രൂപയുടെ സാധനങ്ങൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയദുരിതത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് സഹായവുമായി അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ്. അരലക്ഷം രൂപയുടെ സഹായമാണ് അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ് സ്വന്തം നിലയിൽ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളോട് എഡിഎം അലക്‌സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സഹായം അഭ്യർത്ഥിച്ചിരുന്നു.
നേരിട്ടും ഫോണിലൂടെയും എഡിഎം തന്നെയാണ് വിവിധ ആളുകളെ ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം തേടിയത്. അരലക്ഷം രൂപയുടെ പുതപ്പും ബെഡ്ഷീറ്റും അടക്കമുള്ള സാധനങ്ങളാണ് ചൊവ്വാഴ്ച അർക്കേഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ സർക്കാർ ജീവനക്കാർക്ക് കൈമാറിയത്. അർക്കേഡിയ ഹോട്ടൽ മാനേജിംങ് ഡയറക്ടർ ടോം തോമസ്, മാനേജർ തങ്കച്ചൻ അർക്കേഡിയ എന്നിവരിൽ നിന്നും കളക്ടറേറ്റിലെ
ജൂനിയർ സൂപ്രണ്ട് എസ്.എൻ അനിൽകുമാർ, ശിരസ്തദാർ ബി.അശോക് എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. അർഹതപ്പെട്ട കൈകളിൽ ഇവ എത്തിക്കുന്നതിനുള്ള ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സർക്കാരിനൊപ്പം എല്ലാവരും നിൽക്കണമെന്ന് അർക്കേഡിയ ഹോട്ടൽ എംഡി ടോം അഭ്യർത്ഥിച്ചു. തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാവരും സഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.