
തിരുവനന്തപുരം: കനത്ത ചൂഡിൽ പാൽ ഉത്പാദനം പകുതിയായി കുറഞ്ഞു. പ്രതിദിനം മിൽമയിലെത്തുന്ന പാലിൽ രണ്ടരലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. സംഘങ്ങളിൽ എത്തിക്കാതെ വീടുകളിൽ നിന്നു നേരിട്ട് വിൽക്കുന്നതുകൂടി കണക്കിലെടുത്താൽ പ്രതിദിനം ഏകദേശം 6.5 ലക്ഷം ലിറ്ററിന്റെ കുറവാണുണ്ടായത്. ഇതോടെ ക്ഷീരകർഷകരുടെ വരുമാനമിടിഞ്ഞു.
സാധാരണ ഒരു പശുവിൽ നിന്ന് ശരാശരി 16- 20 ലിറ്റർ പാൽ ലഭിച്ചിരുന്നു. അതിൽ 2- 4 ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലിലിറ്ററും ഖരപദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് ശരാശരി 44 രൂപവരെയാണ് ലഭിക്കുന്നത്.
വേനൽക്കാലത്ത് പശുക്കൾ തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ പാലിന്റെ അളവും ഗുണമേന്മയും കുറയും. ഇതുകാരണം വില പിന്നെയും താഴും. മാത്രമല്ല, പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പശുവിന് ദിവസേന 30 കിലോയോളം പച്ചപ്പുല്ല് കൊടുക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്. 40 ലിറ്ററിൽ കുറയാതെ വെള്ളവും വേണം. വേനൽക്കാലത്ത് പച്ചപ്പുല്ല് കിട്ടുന്നില്ല. ചൂട് പ്രതിരോധിക്കാനും പോഷകാഹാരം നിലനിറുത്താനും ധാതുലവണമിശ്രിതമാണ് നൽകുന്നത്. അതിനാകട്ടെ ചെലവ് കൂടുതലാണ്. അതിർത്തിയിലെ പലസ്ഥലങ്ങളിലും ചോളത്തണ്ട് വിലയ്ക്ക് വാങ്ങിയാണ് നൽകുന്നത്.
2022 നവംബറിലാണ് പാൽവില കൂട്ടിയത്. അതിനുശേഷം പലപ്പോഴായി തീറ്റ, പിണ്ണാക്ക് എന്നിവയുടെ വില വർദ്ധിച്ചു. പുളിയരിപ്പൊടി, വയ്ക്കോൽ, ധാതുലവണ മിശ്രിതങ്ങൾ അടക്കമുള്ളവ പുറമെ വാങ്ങുന്നതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാകുന്നത്.



