
തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാൻ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുൻ ഡിജിപിയും കോർപറേഷൻ കൗണ്‍സിലറുമായ ആർ ശ്രീലേഖ. പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുക്കാൻ നിർദേശം വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
തിരുവനന്തപുരം സിവില്‍ റൈറ്റ്സ് ആൻഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം. താൻ വീഡിയോയില്‍ പ്രായപൂർത്തിയാകാത്ത ഒരു ഇരയുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
‘2021ല്‍ ഞാൻ യൂട്യൂബ് ചാനലില്‍ ചെയ്ത വീഡിയോക്കെതിരെയാണ് കേസ്. വീഡിയോയില്‍ പീഡനത്തിനിരയായി മരണപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിളിരൂരിലെ കേസെന്നാണ് അറിയാൻ സാധിച്ചത്. ആ കേസ് ഞാൻ നേതൃത്വം നല്‍കി സംഘമാണ് അന്വേഷിച്ചത്. അതിലെ എല്ലാ പ്രതികളെയും ശിക്ഷിക്കുകയും ചെയ്തു. കേരള പൊലീസ് അന്വേഷിച്ച് പിന്നീട് ആ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. എഫ്‌ഐആറില്‍ കുട്ടി മൈനറാണെന്നാണ് പരാമർശിച്ചിരുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ ആ കുട്ടി പ്രായപൂർത്തിയായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2003ല്‍ ആ കുട്ടി മരിക്കുമ്പോള്‍ പ്രായം ഏകദേശം 20 ആയിരുന്നു. ആ കാര്യമുള്ളതുകൊണ്ട് പോക്‌സോ കേസ് നിലനില്‍ക്കില്ല. അത് പൊലീസ് അന്വേഷിച്ചാല്‍ മനസിലാകും.
ഞാൻ രാഷ്ട്രീയത്തില്‍ കയറിയതുമുതല്‍ എനിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങള്‍ വരുന്നുണ്ട്. എന്നെ വ്യക്തഹത്യ ചെയ്യാൻ വേണ്ടിയാണിത്. ഒരു അമ്മയും ഭാര്യയും മുൻ പൊലീസ് ഉദ്യോഗസ്ഥയുമായ ഞാൻ ഒരിക്കലും അറിഞ്ഞുകൊണ്ട് പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ഇതുവരെ ദോഷം ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. കിളിരൂർ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇപ്പോഴും വിക്കിപീഡിയ ഉള്‍പ്പെടെ പല മാദ്ധ്യമങ്ങളിലുമുണ്ട്. ആ കുട്ടി മരിച്ച് വർഷങ്ങള്‍ കഴിഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അങ്ങനെയുള്ളവർക്ക് ആദരസൂചകമായി മെഴുകുതിരി വരെ കൊളുത്തുന്ന കാലത്ത് ആ പേരുകള്‍ പുറത്തുവന്നതില്‍ പ്രത്യേകിച്ച് ഒന്നും തോന്നേണ്ടതില്ല. ഇതിനുപിന്നിലെ ലക്ഷ്യം എല്ലാവർക്കം ഊഹിക്കാവുന്നതേയുള്ളൂ.
ആ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു പരാതിയുമുള്ളതായി കാണുന്നില്ല. വെറുതെ പേടിപ്പിക്കാൻ വേണ്ടിയാണ് പോക്‌സോ കേസെന്നുപറഞ്ഞ് രജിസ്റ്റർ ചെയ്തിരിക്കുന്നത്’- ശ്രീലേഖ പറഞ്ഞു.



