
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവിലെ കെആര്‍ ബാറില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരുക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാള്‍ സ്വദേശി വിജില്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ സംഘത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രാത്രി 10.30 നാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബിയര്‍ കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ വിഷ്ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേല്‍ക്കുകയും 37 തുന്നലുകള്‍ ഇടുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലിന്റെ മുഖത്തും പരുക്കേറ്റിട്ടുണ്ട്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ലിഷോയ് (അപ്പു), നിഖില്‍ (ചാപ്പു), ബാദുഷ (മോനായി), ഇവരുടെ സുഹൃത്തായ അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുന്നംകുളം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലെ സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുന്നംകുളം സ്വദേശിയായ അക്ഷയ് (കൂത്തന്‍) എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇപ്പോള്‍ ആക്രമണം നടത്തിയ ലിഷോയിയും നിഖിലും ബാദുഷയും.
നിലവില്‍ ഒല്ലൂര്‍, ചാവക്കാട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി താമസിച്ച് വരികയായിരുന്നു ഇവര്‍. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കുന്നംകുളം പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.



