
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് കലാരൂപങ്ങളെ ഏകോപിപ്പിച്ച് ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും സാംസ്കാരിക വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നവസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ററാക്ടീവ് ഡിജിറ്റൽ പോർട്ടലുകൾ രൂപപ്പെടുത്തുന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ കൾച്ചർ ഡയറക്ടർ ദിവ്യ എസ് അയ്യർ ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. എ. മുജീബ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ ഡോ. മാളു ജി (സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ), പ്രൊഫ. എലിസബത്ത് ഷേർലി, മനു സി. പുളിക്കൻ, രജനി എം (ജോയിന്റ് സെക്രട്ടറി, സാംസ്കാരിക വകുപ്പ്), സുഷമ ഭായ് എസ് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൾച്ചർ ഡയറക്ടറേറ്റ്) എന്നിവർ പങ്കെടുത്തു.
കേരളീയ സാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ ജീവിതോന്നതിയും ഗവേഷണ പ്രോത്സാഹനവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (CDTC) പദ്ധതിക്ക് നേതൃത്വം നൽകും. വെബ്-സെമാന്റിക്സും ഗ്രാഫിക് വിഷ്വലൈസേഷനും ഉപയോഗിച്ച് കലാരൂപങ്ങൾ, ഐതിഹ്യങ്ങൾ, വേഷവിധാനങ്ങൾ, വാദ്യോപകരണങ്ങൾ തുടങ്ങിയ സാംസ്കാരിക വൈവിധ്യങ്ങൾ സംവേദനാത്മകമായി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികളും മറ്റു സ്ഥാപനങ്ങളും കലാസംഘടനകളും വിവരശേഖരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. പൊതുജനങ്ങളുടെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുന്നതിനായി പ്രത്യേക പബ്ലിക് കോൺട്രിബ്യൂഷൻ പോർട്ടലും ഒരുക്കും. സമാഹരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നത് വിദഗ്ധ സമിതിയായിരിക്കും.
ഈ കൂട്ടായ്മയിലൂടെ ലോക വിജ്ഞാനവ്യവസ്ഥയിൽ കേരളീയ കലകൾക്ക് കൂടുതൽ ഉറച്ച സ്ഥാനം നേടിക്കൊടുക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.



