
തിരുവനന്തപുരം: വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളില്‍ നിന്ന് പ്രമാണങ്ങള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി ബ്രൈറ്റ് യേശുദാസ്, മണിപ്പൂർ സ്വദേശി ങാനിങ്ഖുയി എന്നിവരെയാണ് തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നും മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളെ സമീപിച്ച് പ്രമാണങ്ങള്‍ കൈക്കലാക്കുകയും, തുടർന്ന് ഇവ പണയം വെച്ച് ബാങ്ക് ലോണ്‍ എടുക്കുകയുമാണ് ഇവരുടെ രീതി. കെഎസ്എഫ്ഇ മെഡിക്കല്‍ കോളെജ് ബ്രാഞ്ചിലാണ് ഇത്തരത്തില്‍ പ്രമാണങ്ങള്‍ പണയം വെച്ച് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയത്.
പ്രതികള്‍ക്കെതിരെ പേരൂർക്കട പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പാലോട്, നെയ്യാറ്റിൻകര സ്വദേശികളുടെ വസ്തുക്കളുടെ പ്രമാണങ്ങളാണ് പ്രതികള്‍ തട്ടിയെടുത്തത്. പണവുമായി മുങ്ങിയ ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പിന്നാലെയാണ് വില്ലുപുരത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


