
ചെന്നൈ: രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ. നല്ലകണ്ണ് (101) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.
1925 ഡിസംബർ 26ന് ശ്രീവൈകുണ്ടത്തിൽ ജനിച്ച നല്ലകണ്ണ് വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. 1944ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം തുടർന്ന് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തി. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയ നേതാവായി മാറിയ അദ്ദേഹം 13 വർഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.
സാമൂഹിക-രാഷ്ട്രീയ രംഗത്തെ ദീർഘകാല സംഭാവനകളെ മാനിച്ച് 2022ൽ തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന് ‘തഗൈസൽ തമിഴർ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ രാഷ്ട്രീയത്തിനും സാമൂഹിക പ്രവർത്തന രംഗത്തിനും തീരാനഷ്ടമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


