
കൊച്ചി: എറണാകുളം വൈറ്റില കൊലപാതകത്തില്‍ കോട്ടയം സ്വദേശിനി സുധ ബേബി നേരിട്ടത് ക്രൂര മര്‍ദ്ദനം. മുഖത്ത് ഇടിച്ച് കല്ലിലേക്ക് തള്ളി ഇടുകയായിരുന്നുവെന്ന് പ്രതി തെളിവെടുപ്പിനിടെ മൊഴി നല്കി.
കോട്ടയം സ്വദേശിനിയായ സുധയുടെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിയുയർത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തില്‍ പൊന്നുരുന്നി സ്വദേശി ഷാജി മരട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിന് താഴെ സുധയും ഷാജിയും തമ്മില്‍ തർക്കമുണ്ടായി. ഇതിന് പിന്നാലെ പ്രതി സുധയെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവസ്ഥലത്ത് തന്നെ യുവതിക്ക് ഗുരുതര പരുക്കേറ്റു. പിന്നീട് സംഭവം അപകടമെന്ന രീതിയില്‍ വരുത്തിത്തീർക്കാൻ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും പൊലീസ് വ്യക്തമാക്കി.
പുലർച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്നെത്തിയ പൊലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് കൊലപാതകമാണെന്ന സംശയം ശക്തമായി.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് കാക്കനാട് ഭാഗത്തുനിന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈക്കോടതി മുൻ ജീവനക്കാരനായിരുന്ന ഷാജിയും സുധയും അടുത്ത ബന്ധത്തിലായിരുന്നുവെന്നും, അടുത്തകാലത്ത് ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഷാജിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കൊലപാതകം നടന്ന റെയില്‍വേ ട്രാക്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് മരട് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.



