
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സൈബർ ലോകത്തും വലിയ ചർച്ചകളാണ് നടക്കുന്നത്.
സർക്കാരാണ് അഭിമുഖം ഒരുക്കിയിരിക്കുന്നത്.
ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖത്തിന് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്നതാണ് തലക്കെട്ട്. ഇതോടെ മൂന്നാം പിണറായി സർക്കാരിനായുള്ള സർക്കാർ സ്പോണ്‍സേർഡ് പരിപാടി എന്ന വിമർശനവും ശക്തമാകുന്നുണ്ട്.
‘ജനങ്ങള്‍ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേർ’ എന്ന വിശേഷണത്തോടെയാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ മോഹൻലാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടീസർ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് പി.സി ജോർജ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ടീസർ കണ്ടു. ഇരുവരും ഒന്നിനൊന്നു മികച്ച അഭിനയം. നല്ലൊരു ഫീല്‍ ഗുഡ് മൂവി അണിയറയില്‍ ഒരുങ്ങുന്നുവെന്ന് തോന്നുന്നു. മോഹൻലാലിന് പ്രതിഫലം ഉണ്ടാവും തീർച്ച. മറ്റേ പുള്ളിയും ഈ വകുപ്പില്‍ ഒരു പത്ത് കോടി എഴുതിയെടുത്തിട്ടുണ്ടോ എന്നാണ് സംശയം” എന്നാണ് പി.സി ജോർജ് കുറിച്ചത്.



