
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം നേതൃതലത്തിൽ ധാരണ.
വർക്കല എംഎൽഎ കൂടിയായ ജില്ലാ സെക്രട്ടറി വി. ജോയി വീണ്ടും മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ഇന്നുചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞതവണ ജയിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊണ്ടിമുതൽ കേസിൽ ആൻറണി രാജു അയോഗ്യനായ സാഹചര്യത്തിലാണിത്. ജനതാദൾ മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകും.മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ ബാലഗോപാൽ, പി.രാജീവ് , സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സജി ചെറിയാൻ , വി.എൻ വാസവൻ, മുഹമ്മദ് റിയാസ്, എന്നിവർ നിലവിൽ അവർ ജയിച്ച മണ്ഡലങ്ങളിൽ തന്നെ മത്സരത്തിനിറങ്ങും.
മുൻ ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് ഇത്തവണ വീണ്ടും മത്സരത്തിന് ഇറങ്ങും.2016ൽ വിജയിച്ച ആലപ്പുഴ മണ്ഡലത്തിൽ നിലവിൽ പി.പി ചിത്തരഞ്ജനാണ് എംഎൽഎ.അതുകൊണ്ട് മണ്ഡലം മാറിയായിരിക്കും ഐസക്ക് മത്സരിക്കുന്നത്. ഇ.പി ജയരാജൻ മത്സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും കെ.കെ ശൈലജ ഉറപ്പായും ജനവിധി തേടും.



