
ആലപ്പുഴ: പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായെന്നാരോപിച്ച് കുടുംബം രംഗത്ത്. മാവേലിക്കര പള്ളിക്കല്‍ സ്വദേശികളായ അജീഷ്–അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആലപ്പുഴ കല്ലുമൂട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
22-ാം തീയതി ബ്ലീഡിങിനെ തുടര്‍ന്ന് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരുന്ന് നല്‍കി വിട്ടയച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി വേദന ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ച യുവതിയെ കുടുംബത്തിന്റെ ആവശ്യപ്രകാരം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തതായും പറയുന്നു. തുടര്‍ന്ന് കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് ബന്ധുക്കളുടെ വാദം. പൂര്‍ണമായ വിവരങ്ങള്‍ പങ്കുവെക്കാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ച് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ അമ്നിയോട്ടിക് ഫ്ലൂയിഡ് അകത്ത് കയറുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


