രോഗിക്ക് പോളിസി എടുക്കുന്നതിന് മുൻപേ അസുഖം ഉണ്ടെന്ന് പറഞ്ഞ് ആനുകൂല്യം നിഷേധിച്ചു; ഇൻഷുറൻസ് കമ്പനി 5,30,000 രൂപ നഷ്ടപരിഹാരമായി നല്‍കണം; പരാതിക്കാരന് അനുകൂലമായി മലപ്പുറം ഉപഭോക്തൃ കമ്മിഷന്റെ വിധി

Spread the love

 

മലപ്പുറം:ന്യായമായ ചികിത്സാ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ കനത്ത പിഴ.

video
play-sharp-fill

പരാതിക്കാരന്റെ മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. കരള്‍ സംബന്ധമായ ഗുരുതരമായ അസുഖത്തെ തുടർന്ന് ഇവർ വിവിധ ആശുപത്രികളില്‍ ദീർഘകാലം ചികിത്സയിലായിരുന്നു.

പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലുമായിരുന്നു വിദഗ്ധ ചികിത്സ തേടിയത്. രോഗാവസ്ഥ സങ്കീർണ്ണമായതിനെ തുടർന്ന് വലിയൊരു തുക ചികിത്സയ്ക്കായി ചെലവാക്കേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 19,89,104 രൂപയാണ് ആശുപത്രി ചെലവുകള്‍ക്കായി കുടുംബത്തിന് ചിലവായത്. ഇതിനു പിന്നാലെയാണ് പോളിസി പ്രകാരമുള്ള തുക ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനിയെ ഇവർ സമീപിച്ചത്. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ നിരത്തി ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു.

രോഗിക്ക് പോളിസി എടുക്കുന്നതിന് മുൻപേ അസുഖമുണ്ടായിരുന്നു എന്ന വാദമാണ് കമ്പനി പ്രധാനമായും ഉയർത്തിയത്. രോഗവിവരം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്ന് ആരോപിച്ച്‌ കമ്പനി തുക നല്‍കാൻ തയ്യാറായില്ല. ഇതോടെയാണ് നീതി തേടി പരാതിക്കാരൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ആശുപത്രി രേഖകളില്‍ അസുഖത്തിന് മൂന്ന് വർഷത്തെ പഴക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കമ്പനിയുടെ കോടതിയിലെ വാദം. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ കമ്പനിക്കായില്ല. രോഗിക്ക് മൂന്ന് വർഷം മുൻപേ അസുഖമുണ്ടായിരുന്നുവെന്നോ അതിനായി ചികിത്സ തേടിയിരുന്നുവെന്നോ തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ ഇൻഷുറൻസ് കമ്പനി പരാജയപ്പെട്ടു.

ചികിത്സാ രേഖകളിലെ കേവലമായ പരാമർശങ്ങള്‍ മാത്രം മുൻനിർത്തി ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.

കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കമ്പനിയുടെ വാദം കോടതി തള്ളി. കെ. മോഹൻദാസ് പ്രസിഡന്റായ കമ്മിഷനാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പരാതിക്കാരൻ ഇൻഷുറൻസ് ക്ലെയിമിന് പൂർണ്ണമായും അർഹനാണെന്ന് നിരീക്ഷിച്ച കോടതി, തുക കൈമാറാൻ ഉത്തരവിടുകയായിരുന്നു.

പോളിസി തുകയായ 5,00,000 രൂപയും, മാനസിക പ്രയാസങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിലേക്ക് 5,000 രൂപയും ഉള്‍പ്പെടെ ആകെ 5,30,000 രൂപയാണ് കമ്പനി നല്‍കേണ്ടത്. വിധി വന്ന് 45 ദിവസത്തിനകം തുക കൈമാറണം.

നിശ്ചിത സമയത്തിനകം തുക നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശ സഹിതം പരാതിക്കാരന് നല്‍കണമെന്നും കമ്മിഷൻ ഉത്തരവില്‍ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.