
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ബോധപൂർവ്വം മന്ത്രിയെ വേട്ടയാടുകയാണെന്ന് അഭിപ്രായപ്പെട്ട സജി ചെറിയാൻ മന്ത്രി വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങള്‍ പരിശോധിച്ചു നോക്കൂ എന്നും കൂട്ടിച്ചേർത്തു. വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. പല മേഖലയില്‍ പ്രശ്നങ്ങളുണ്ടാകും. അതില്‍ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളില്‍ പ്രതികരിക്കും, നടപടി സ്വീകരിക്കും വിഷയങ്ങളില്‍ നടപടി സ്വീകരിച്ച ആളാണ് മന്ത്രിയെന്നും സജി ചെറിയാൻ പറഞ്ഞു.
റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇവിടെ മന്ത്രി ഉയർത്തെഴുന്നേല്ക്കാൻ പോവുകയാണ്. ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സജി ചെറിയാൻ ന്യായീകരിച്ചു. ഇത്തരം പ്രശ്നങ്ങള്‍ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു ഒരുപക്ഷേ നാളെയും നടക്കാമെന്നാണ് സജി ചെറിയാന്റെ മറ്റൊരു വാദം. ഇതില്‍ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


