
ന്യൂഡൽഹി: മസ്തിഷ്കമരണത്തിന് പിന്നാലെ അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിൻ ഷെറിനെ ‘മൻ കി ബാത്ത്’ പരിപാടിയിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിക്കേണ്ടിയിരുന്ന കുഞ്ഞായിരുന്നു ആലിൻ ഷെറിനെന്നും അനവധി സ്വപ്നങ്ങൾ ബാക്കി വെച്ചാണ് അവൾ വിടവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകളെ നഷ്ടപ്പെട്ട വേദനക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ എടുത്ത തീരുമാനം അത്യന്തം മഹത്തരമാണെന്നും ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും, മഹനീയമായ ചിന്തയും ഉറച്ച മനസ്സും അവരുടെ തീരുമാനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ദുഃഖത്തെ മറികടന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന മാതാപിതാക്കളുടെ നടപടി സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവയവദാന രംഗത്ത് ഇന്ത്യ മുന്നേറ്റം കൈവരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവയവദാനം മഹത്തായ സേവനമാണെന്നും ആവശ്യമുള്ളവർക്ക് അവയവങ്ങൾ ദാനം ചെയ്യാനുള്ള മനോഭാവം സമൂഹത്തിൽ വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


