play-sharp-fill
പ്രളയം മുക്കിയ പൊൻകുഴി ശ്രീരാമക്ഷേത്രം വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

പ്രളയം മുക്കിയ പൊൻകുഴി ശ്രീരാമക്ഷേത്രം വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

സുല്‍ത്താന്‍ബത്തേരി: പ്രളയജലം കയറിയ പൊൻകുഴി ശ്രീരാമക്ഷേത്രം വൃത്തിയാക്കി നൽകി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വയനാട്ടിൽ കനത്ത മഴയിൽ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും വെള്ളത്തിലായതോടെ ക്ഷേത്രത്തിലെ നിത്യപൂജയും മുടങ്ങി.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുടെയുമെല്ലാം മേല്‍ക്കൂരവരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും തകര്‍ന്നിട്ടുണ്ട്.


ഇവിടെ വെള്ളമിറങ്ങിയതോടെ 30 അംഗ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചീകരിക്കാന്‍ സന്നദ്ധതയറിയിച്ച്‌ ക്ഷേത്ര ഭാരവാഹികളെ സമീപിച്ച് അനുമതി വാങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ നിത്യപൂജയും തിങ്കളാഴ്ചയോടെ പുനരാരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്‍കുഴിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയിലെ ഗതാഗതം കഴിഞ്ഞ മൂന്ന് ദിവസമായി നിലച്ചിരുന്നു. വെള്ളംകയറി വഴിയടഞ്ഞ റോഡിലെ തടസ്സങ്ങളും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റന്‍ സി.കെ. മുസ്തഫ, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, ഇര്‍ഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്.