
തിരുവനന്തപുരം: വർഷങ്ങളായി തടഞ്ഞു വെച്ച ക്ഷാമബത്തയും ഇടതു സർക്കാർ തന്നെ നിർത്തലാക്കിയ ഭവന വായ്പ പദ്ധതിയും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് അനുവദിച്ച ശേഷം മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് ജീവനക്കാരുടെ വ്യക്തിഗത നമ്പറിലേക്ക് സന്ദേശങ്ങൾ നൽകി നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിൽ സർക്കാരുദ്യോഗസ്ഥരുടെ സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ഇലക്ഷൻ പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടി ആണോയെന്ന് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം.
വർഷങ്ങളായി ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും പിടിച്ചുവെച്ച് ക്ലിപ്ത വരുമാനക്കാരായ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ജീവിതം ദുസ്സഹമാക്കിയിട്ട് ഇലക്ഷന് മുന്നോടിയായി ക്ഷാമബത്ത നൽകിയെന്ന് വീമ്പിളക്കുന്ന സർക്കാർ തന്നെ ബോധപൂർവ്വം പരിക്കുണ്ടാക്കിയിട്ട് അതിനു ചികിത്സ നൽകി എന്ന് മേനി നടിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്ത് പൊതുജനങ്ങളുടെ ആരോഗ്യ ഡേറ്റ കവർന്ന സ്പ്രിംഗ്ലർ മോഡൽ ഡാറ്റ മോഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയിട്ടുള്ളത്. സ്പാർക്ക് പോലുള്ള സർക്കാരിൻ്റെ ഡാറ്റാ ബേസിൽ നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരം ബൾക്ക് മെസ്സേജിങ് ഏജൻസികൾക്ക് കൈമാറിയിട്ടുള്ളത് ഏറെ ഗുരുതരമാണ്.
മോഡൽ എംപ്ലോയർ എന്ന നിലയിൽ സ്വന്തം എംപ്ലോയിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം സർക്കാർ തന്നെ നടത്തുന്നത് ജനാധിപത്യ കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.
ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയതിലൂടെ ഭരണഘടനയുടെ അനുഛേദം 299 ൻ്റെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഇത്തരം പി.ആർ വർക്ക് നടത്തി ജീവനക്കാരെ അവഹേളിക്കുകയാണ്. അനുവദിച്ച ക്ഷാമബത്തയിൽ 286 മാസത്തെ മുൻകാല പ്രാബല്യം കവർന്നെടുത്തു.
ശമ്പളപരിഷ്കരണ കമ്മീഷൻ നിയമിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കമ്മീഷനെ നിയമിക്കാൻ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി കഴിഞ്ഞ ബഡ്ജറ്റിലും ഈ ബഡ്ജറ്റിലും പ്രഖ്യാപിച്ചെങ്കിലും അതിനുവേണ്ടിയിട്ടുള്ള ആത്മാർത്ഥമായ ഒരു നടപടിയും സർക്കാരിൽ നിന്നുണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് വിജയത്തിനായി ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകിയ ഇടതു സർക്കാരിൻ്റെ ഡാറ്റാ കച്ചവടം കേന്ദ്ര ഏജൻസികളന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ജീവനക്കാരുടെ മൗലിക അവകാശലംഘനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും തുടർന്ന് അദ്ദേഹം അറിയിച്ചു.



