
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി ഓട്ടോയിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 7.30ന് കണ്ണൂർ മേലെ ചൊവ്വ വൈദ്യർ പീടികയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച് നില്‍ക്കുകയുമായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ കാർ തൊട്ടുമുന്നില്‍ പോവുകയായിരുന്ന ഓട്ടോ ടാക്സിയില്‍ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ടാക്സി റോഡില്‍ തലകീഴായി മറിഞ്ഞു. റോഡിലൂടെ നിരങ്ങിനീങ്ങിയ ഓട്ടോ, മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്.
മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കാണ് പരിക്കേറ്റത്. ടയർ പൊട്ടിയ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡാഷ് ബോർഡ് ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


