
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി സ്വീകരിച്ചു.
നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ട് നില്‍ക്കാൻ പ്രേരിപ്പിച്ചതെന്ന് രശ്‌മി വ്യക്തമാക്കി.
കെ എൻ ബാലഗോപാല്‍ എന്ന പ്രമുഖനോടാണ് മത്സരിച്ചത്. പൊതുസമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തുച്ഛമായ വോട്ടുകള്‍ക്കാണ് കൊട്ടാരക്കരയില്‍ പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സജീവമായി നല്‍കാൻ ധാരാളം ബാധ്യത ഏറ്റെടുക്കേണ്ടി വരും. അതെല്ലാം തരണം ചെയ്തു മണ്ഡലത്തില്‍ ഓടിനടക്കാൻ സാധിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചത് കൊടിക്കുന്നില്‍ സുരേഷ് കാരണം. കൊടിക്കുന്നിലിനെ നിയന്ത്രിക്കുന്ന ഒരു വിഭാഗം അദ്ദേഹത്തെ കൊട്ടാരക്കരയില്‍ തളച്ചിട്ടിരിക്കുന്നു. കൊടിക്കുന്നിലിന് കൊട്ടാരക്കരയില്‍ ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം കൂച്ചുവിലങ്ങ്. കൊടിക്കുന്നില്‍ തന്ന സ്നേഹം മറക്കാനാകില്ല. ജെബി മേത്തർ നല്‍കിയ പിന്തുണ മറക്കാനാകില്ല. ബിജെപി അംഗമായി വരുമ്പോള്‍ പഴയ സുഹൃത്ത് ബന്ധം നിലനില്‍ക്കുമോ എന്നറിയില്ല. താനത് മനസ്സില്‍ സൂക്ഷിക്കുമെന്നും രശ്മി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് തിക്ത ഫലങ്ങള്‍ ഉണ്ടായിട്ടുള്ളത് ചിലരുടെ ഭാഗത്തുനിന്ന്. ചേർത്തുപിടിച്ചവരെ നന്ദിയോടെ സ്മരിക്കുന്നു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഒളിയമ്പുകള്‍ എറിയുകയാണ്. ബിജെപിയിലേക്ക് കടന്നു വരാൻ കഴിഞ്ഞതില്‍ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആർ രശ്മി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.


