
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിനും ഇഡി സമൻസ് അയച്ചു.
മാർച്ച് ആദ്യവാരത്തില്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം. തന്ത്രിയോട് മാർച്ച് നാലിന് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയ്യാറാക്കിയ പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അറസ്റ്റിലായി 41-ാം ദിവസം തന്ത്രിക്ക് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത്ര വേഗത്തില്‍ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം.
പത്തനംതിട്ടയിലെയും കുന്നംകുളത്തെയും ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ തന്ത്രിക്കും കുടുംബത്തിനും കോടികളുടെ നിക്ഷേപമുണ്ടെന്ന ആരോപണത്തിലാണ് ഇഡി പ്രധാനമായും വ്യക്തത തേടുന്നത്. കൂടാതെ തിരുവല്ലയിലുള്ള സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കും.മണ്ഡലകാലത്ത് ഭക്തർ നല്കുന്ന ദക്ഷിണയാണ് തന്റെ വരുമാനമെന്നാണ് തന്ത്രി കോടതിയെ അറിയിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ വരുമാനവും നിലവിലെ ആസ്തികളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ. വാസുവിനെ ചോദ്യം ചെയ്യുന്നതോടെ ഭരണതലത്തില്‍ നടന്ന ഇടപെടലുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.



