‘സർക്കാരുകള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തിനാണ് പണം നല്‍കുന്ന പദ്ധതി?’; സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി: വിവിധ സർക്കാരുകള്‍ തിരഞ്ഞെടുപ്പ് മുൻപ് സൗജന്യങ്ങൾ  നല്‍കുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാല്‍ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.

video
play-sharp-fill

ഈ ട്രെൻഡ് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നല്‍കിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോള്‍ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.

 

‘സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും നല്‍കിത്തുടങ്ങിയാല്‍ എന്തുതരം സംസ്‌കാരമാണ് നിങ്ങളിവിടെയുണ്ടാക്കുന്നത്? ‘ തമിഴ്‌നാട് സർക്കാരിനോട് കോടതി ചോദിച്ചു. ‘ഇന്ത്യ മുഴുവൻ നമ്മള്‍ എന്തുതരം സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്? വൈദ്യുതി ചാർജ് അടയ്‌ക്കാൻ കഴിയാത്തവർക്ക് ഒരു ക്ഷേമ സംവിധാനമൊരുക്കിനല്‍കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ താങ്ങാനാകുന്നവർക്കും കഴിയാത്തവർക്കും തമ്മില്‍ വേർതിരിവില്ലാതെ നിങ്ങള്‍ വിതരണം ചെയ്യാൻ തുടങ്ങിയാല്‍ അത് പ്രീണനമല്ലേ?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചില സംസ്ഥാനങ്ങളില്‍ ഇലക്ഷന് തൊട്ടുമുൻപ് പെട്ടെന്ന് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത് തങ്ങള്‍ കണ്ടിരുന്നെന്നും സൗജന്യമായി പണം നല്‍കിയാല്‍ ആളുകള്‍ തൊഴിലെടുക്കുമോയെന്ന് കോടതി ചോദിച്ചു. റവന്യു മിച്ചമുള്ള സംസ്ഥാനമാണെങ്കില്‍ ആ തുക സംസ്ഥാനത്തെ ആകെ ജനങ്ങളുടെ വികസനത്തിനും റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്‌ക്കായി ചെലവഴിക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ? അതിനുപകരം തിരഞ്ഞെടുപ്പ് സമയമടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം, വസ്‌ത്രം മറ്റ് വിഭവങ്ങള്‍ എന്നിവ നല്‍കുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്‌റ്റിസിന് പുറമേ ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.