play-sharp-fill
ഇരുപതു വർഷമായി കൂലിപ്പണി: മഴ കനത്തതോടെ പണിയില്ലാതായി; പട്ടിണിയും കനത്തു; കടകുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ; പട്ടിണിയെ തുടർന്ന് മോഷണം നടത്തിയ ആളുടെ പേരും ചിത്രവും ഈ വാർത്തയിൽ ഉണ്ടാകില്ല..!

ഇരുപതു വർഷമായി കൂലിപ്പണി: മഴ കനത്തതോടെ പണിയില്ലാതായി; പട്ടിണിയും കനത്തു; കടകുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ; പട്ടിണിയെ തുടർന്ന് മോഷണം നടത്തിയ ആളുടെ പേരും ചിത്രവും ഈ വാർത്തയിൽ ഉണ്ടാകില്ല..!

തേർഡ് ഐ ബ്യൂറോ
കൊച്ചി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പണിയില്ലാതായതോടെ മോഷ്ടിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയിലായി. പണിയില്ലാതായതോടെ പട്ടിണി മൂലം മോഷണത്തിനിറങ്ങിയ ആളുടെ ഗതികേട് മനസിലാക്കി തേർഡ് ഐ ന്യൂസ് ലൈവ് ഇയാളുടെ ചിത്രവും പേര് അടക്കമുള്ള വിശദാംശങ്ങളും പുറത്ത് വിടുന്നില്ല.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയും ഇരുപത് വർഷത്തിലേറെയായി കൊച്ചിയിൽ മേൽപ്പാലത്തിന്റെ അടിയിൽ താമസിക്കുന്ന ആളുമായ 56 കാരനെയാണ് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. മുൻപ് ഇയാൾക്കെതിരെ കേസുകൾ ഒന്നുമില്ലെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ പിടികൂടിയ.
കലൂർ ജിസിഡിഎ മാർക്കറ്റിൽ കട കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. കടകുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തുന്നത് കണ്ട് ഇയാൾ ഓടിരക്ഷപെടാൻ ശ്രമിക്കുകയാിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇയാൾ ജിസിഡിഎ മാർക്കറ്റിൽ എത്തിയത്. കൈയ്യിൽ കരുതിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് കടയുടെ ഷട്ടറിന്റെ ഒരു താഴു പൊട്ടിച്ചു. എന്നാൽ പൂട്ട് പൊട്ടിക്കുന്ന ശബ്ദം ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം കേട്ടു. പൊലീസ് കടയുടെ അടുത്തേക്ക് ചെല്ലുന്നതു കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസുകാർ പിന്തുടർന്നു പിടികൂടി.
20 വർഷം മുൻപ് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു എത്തിയ ഇയാൾ കലൂർ ബസ് സ്റ്റന്റിലും നോർത്ത് പാലത്തിനടിയിലും ആണ് കിടന്നിരുന്നത്. ഇടക്ക് കൂലിപ്പണിക്ക് പോകുമായിരുന്നു. മഴ കനത്തതോടെ പണി ഇല്ലാതായപ്പോൾ മോഷണത്തിലേക്കു തിരിയുകയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.