സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച രണ്ടാം പ്രളയത്തിൽ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ പ്രളയത്തിൽ ഇതുവരെ 71 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 1621 ക്യാംപുകൾ തുറന്നു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 25 ട്രെയിനുകളാണ് ഇതുവരെ റെയിൽവേ റദ്ദ് ചെയ്തിരുന്നത്.
രണ്ടരലക്ഷത്തിലധികംപേർ വിവിധ ക്യാംപുകളിൽ കഴിയുകയാണ്. സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷമാണ്. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കൻ ജില്ലകളിലടക്കം വെയിൽ തെളിഞ്ഞതു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കി.
പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിൽ വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. പാലക്കാട് ജില്ലയിൽ ഇടവിട്ട് നേരിയ മഴയുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ താഴ്ത്തി തുടങ്ങി. കവളപ്പാറയിൽ ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തി.
വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്ബാശേരി വിമാനത്താവളം തുറന്നിട്ടുണ്ട്. ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. തമിഴ്നാട്ടിലെ ഷോളയാർ അണക്കെട്ടിൻറെ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി തമിഴ്നാട് പൊതുമരാമത്ത് ആദ്യ ജാഗ്രതാ നിർദേശം നൽകി. ഷോളയാറിലെ വെള്ളം തുറന്നുവിട്ടാൽ ചാലക്കുടി പെരിങ്ങൽകുത്ത് വഴി ചാലക്കുടി പുഴയിലേക്കാണ് എത്തുന്നത്. ട്രെയിൻ, വിമാന, കെഎസ്ആർടിസി സർവീസുകൾ തുടങ്ങി. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂർ റൂട്ടുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.