
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറെയും ആശുപത്രി സൂപ്രണ്ടിനെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് സർക്കാർ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.
ആരോഗ്യസ്ഥാപനങ്ങളില്‍ അക്രമവും ഭീഷണിയും സൃഷ്ടിക്കുന്ന പ്രവണതകള്‍ പൊതുജനാരോഗ്യ സംവിധാനത്തിന് ഗുരുതര ഭീഷണിയാണ്. വിദഗ്ധസമിതിയുടെ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹവും നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും കെജിഎംഒഎ വാർത്താ കുറിപ്പില്‍ പറഞ്ഞു. സംഭവത്തിന്‍റെ സത്യാവസ്ഥ വിലയിരുത്താതെ ബാഹ്യ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കടുത്ത മാനവവിഭവ ശേഷി കുറവിനിടയിലും മികച്ച സേവനം നല്‍കുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന നടപടിയാണിതെന്നും കെജിഎംഒഎ പറഞ്ഞു.
രോഗി പരിചരണത്തിനിടയില്‍ സംഭവിക്കുന്ന സ്വാഭാവിക സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി, ആള്‍ക്കൂട്ട വിചാരണയും ആശുപത്രി അതിക്രമവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പരിമിതമായ സാഹചര്യങ്ങളില്‍ ലഭ്യമാകുന്ന എല്ലാ ചികിത്സയും അവിടെ അമ്മയ്ക്കും കുഞ്ഞിനും നല്‍കിയിട്ടുണ്ട്. മറ്റ് ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ആള്‍ക്കൂട്ട വിചാരണയിലൂടെ അല്ല, ശാസ്ത്രീയമായ വിലയിരുത്തലിലൂടെ മാത്രമേ തീരുമാനങ്ങളിലെത്താവൂ. ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് ഒരു തെളിവും അധികാരികള്‍ക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരെ സമൂഹമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തുന്ന പ്രവണത സംഘടന ഗൗരവമായി കാണുന്നു; ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അപകീർത്തിപ്പെടുത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യുകയും ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഫെബ്രുവരി 19 വ്യാഴാഴ്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 19 മുതല്‍ ജില്ലാതലത്തില്‍ നിസ്സഹകരണ സമരം ആരംഭിക്കും. ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.



