
മലപ്പുറം: ശബരിമല തീർത്ഥാടകരെ കെഎസ്‌ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. രാത്രിയില്‍ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ആരെയും വഴിയില്‍ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവ് നിലവിലുണ്ട്. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു.
വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു . പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. നിലയ്ക്കല്‍ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയില്‍ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി.
പമ്പ – തിരുവനന്തപുരം കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. തീര്‍ത്ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയില്‍ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


