play-sharp-fill
ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ മദ്യലഹരിയിൽ കാർയാത്രക്കാരന്റെ മരണപ്പാച്ചിൽ: ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്; മൂലവട്ടം സ്വദേശിയായ ഓട്ടോഡ്രൈവർ ജില്ലാ ജനറൽ ആശുപത്രിയിൽ

ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ മദ്യലഹരിയിൽ കാർയാത്രക്കാരന്റെ മരണപ്പാച്ചിൽ: ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്; മൂലവട്ടം സ്വദേശിയായ ഓട്ടോഡ്രൈവർ ജില്ലാ ജനറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ കാറോടിച്ചത് അപകടത്തിലേയ്ക്ക്. ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ഓട്ടോഡ്രൈവറായ യുവാവിന് പരിക്കേറ്റത്. മൂലവട്ടം വാലടിച്ചിറയിൽ കെ.കെ സജീവിനാണ് (41) സാരമായി പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈരയിൽക്കടവ് ജംഗ്ഷൻ ഭാഗത്തു നിന്നും അമിത വേഗത്തിലായിരുന്നു കാർ പാഞ്ഞെത്തിയത്. നേരിയ മഴയും ഈ സമയത്ത് ഉണ്ടായിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ റോഡിൽ അപകട ഭീഷണി ഉയർത്തിയാണ് പാഞ്ഞത്. ഈ സമയം എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുട ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട മറിഞ്ഞു. നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ ഇടറോഡിലേയ്ക്കു പാഞ്ഞു കയറിയാണ് നിന്നത്. കാറിന്റെ മുന്നിലെ വലത് വശത്തെ ടയർ പഞ്ചറാകുകയും ചെയ്തു.
വെള്ളംപൊങ്ങിയ സ്ഥലത്ത് ചൂണ്ടയിടുകയും വീശുകയും ചെയ്യുകയായിരുന്ന പ്രദേശ വാസികൾ ഓടിയെത്തി ഓട്ടോറിക്ഷയിലിരുന്ന സജീവിനെ പുറത്തെടുത്തു. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ചിങ്ങവനത്തു നിന്നും കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി കാർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തേക്കും. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ രാത്രിയും പകലുമില്ലാതെ ഇരുചക്രവാഹനങ്ങളും കാറുകളും അമിത വേഗത്തിലാണ് പായുന്നത്. എന്നാൽ, ഭാഗ്യം കൊണ്ടു മാത്രമാണ് പല അപകടങ്ങളും ഒഴിവാകുന്നത്. ആദ്യമായാണ് പ്‌ക്ഷേ, ഇവിടെ അപകടമുണ്ടാകുന്നത്.