
ദില്ലി:നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളിൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
ഹൈക്കോടതി വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്.
സർക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും അപ്പീലിൽ ഉയർത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കൽ വിധി പുറപ്പെടുവിച്ചത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പാർട്ടി കേഡർമാരെ ഉപയോഗിച്ചുള്ള സർവ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർവ്വേ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്.
പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സർവേയെ സർക്കാർ അവതരിപ്പിച്ചത്.



