video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashധ്രുവനും അമ്മയും മരണത്തിലും ഒന്നായി: മകനെ മരണത്തിലും മാറോട് ചേർത്തുപിടിച്ച് ഒരു അമ്മ: ഇരുവരുടെയും...

ധ്രുവനും അമ്മയും മരണത്തിലും ഒന്നായി: മകനെ മരണത്തിലും മാറോട് ചേർത്തുപിടിച്ച് ഒരു അമ്മ: ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിരുന്ന സ്ഥലത്ത് നിന്ന്; മലപ്പുറത്ത് മരിച്ച അൻപതു പേരിൽ ഭൂരിഭാഗവും ഇപ്പോഴും മണ്ണിനടിയിൽ

Spread the love
സ്വന്തം ലേഖകൻ
മലപ്പുറം: പ്രകൃതി മണ്ണും കല്ലുമായി സ്വന്തം ജീവിതവും കുടുംബവും തന്നെ തകർത്ത് പാഞ്ഞെത്തിയപ്പോൾ മകനെ നെഞ്ചോടു ചേർത്തു പിടിച്ച് കിടന്ന് ഒരു അമ്മ. മരണത്തിലും മകനെ നെഞ്ചോട് ചേർത്തു കിടക്കുന്ന അമ്മയുടെ ചിത്രം, രക്ഷാപ്രവർത്തകരുടെയും കണ്ണ് നിറച്ചു. മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേരിൽ അമ്മയുടെയും ഒന്നരവയസ്സുകാരൻ മകന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകരുടെ കണ്ണുകളെ നിറച്ചു കൊണ്ട് കണ്ടെത്തിയത്. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകൾ ഗീതു (21), ഗീതുവിന്റെ മകൻ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരെയാണു കാണാതായത്. ഇവരിൽ ഗീതു, ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭർത്താവ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഗീതുവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി.
കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.
പല സ്ഥലങ്ങളിലും കാലുവച്ചാൽ താഴ്ന്ന് പോകുന്നതരത്തിൽ ചതുപ്പുകൾ രൂപപ്പെടുകയും രക്ഷാപ്രവർത്തകർക്ക് പോലും ചെന്നെത്താൻ കഴിയാത്ത അവസ്ഥയുമാണ് ഇപ്പോഴുമുള്ളത്. ഇവിടെ ചതുപ്പിൻറെ ആഴം കണക്കാക്കി മരക്കഷ്ണങ്ങളിട്ട് മൂടി അതുവഴിയാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലകപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. പലയിടത്തും വീടുകളും ആളുകളും അകപ്പെട്ട് പോയ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിലും വലിയ പരിമിതിയുണ്ടെന്നാണ് രക്ഷാപ്രവർത്തകരും പറയുന്നത്. അതേസമയം തോട്ടം തൊഴിലാളികളുടെ പാടി നിന്നിരുന്നിടത്തിന് സമീപത്തു നിന്ന് രക്ഷാപ്രവർത്തകർ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു.
പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments