
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമായി സർക്കാർ പുതിയ ഉത്തരവ്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തടസ്സപ്പെട്ട നിയമനങ്ങളാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതല്‍ തന്നെയുള്ള എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
1996-ലെ ഭിന്നശേഷി നിയമപ്രകാരം 3 ശതമാനം സംവരണവും, 2017-ല്‍ അത് 4 ശതമാനമായും നിശ്ചയിച്ചിരുന്നുവെങ്കിലും എയ്ഡഡ് സ്കൂളുകളില്‍ ഇത് നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായി. 1996 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ 2022-ല്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ നിലവിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം പ്രതിസന്ധിയിലാവുകയും അവർ ദിവസവേതനക്കാരായി മാറുകയും ചെയ്തു. തുടർന്ന് എൻ.എസ്.എസ്. മാനേജ്മെന്റ് നല്കിയ കേസില്‍, ഭിന്നശേഷി തസ്തികകള്‍ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അംഗീകാരം നല്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ഈ ആനുകൂല്യം മറ്റ് മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കുന്നതിനായി സർക്കാർ നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകള്‍ മാറ്റി വെച്ചിട്ടുള്ള മറ്റ് മാനേജ്മെന്റുകള്‍ക്ക് കീഴിലെ താല്‍ക്കാലിക അധ്യാപകരെയും സുപ്രീം കോടതിയിലെ അന്തിമ വിധിക്ക് വിധേയമായി സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. നിയമന തീയതി മുതലുള്ള എല്ലാ ആനുകൂല്യങ്ങളും അധ്യാപകർക്ക് ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമനാംഗീകാര പ്രൊപ്പോസലുകള്‍ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കി. അതേസമയം, സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്ത് സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷൻ സമർപ്പിച്ച 442 അധ്യാപകരുടെ കാര്യത്തില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ റെഗുലറൈസേഷൻ നടപടികള്‍ നിർത്തിവെച്ചു. ഇവരെ സുപ്രീം കോടതിയുടെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തുന്നത് കോടതിയലക്ഷ്യമാകുമെന്ന നിയമോപദേശത്തെ തുടർന്നാണിത്.
വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ ദുരിതം കണക്കിലെടുത്താണ് സർക്കാർ ഈ നിർണ്ണായക തീരുമാനമെടുത്തത്. ജില്ലാതല സമിതികള്‍ മുഖേനയുള്ള ഭിന്നശേഷി നിയമനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് ഈ ഉത്തരവ് വരുന്നത് എന്നത് ശ്രദ്ധേയമാണ്.



