
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള സംശയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവില്ല. പുരുഷന്റെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളും കണ്ടെത്താനായില്ല.
രണ്ടുപേരുടെയും സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു. അന്തിമ നിഗമനം വിശദ പരിശോധനാഫലത്തിന് ശേഷമേ വ്യക്തമാകൂ.
ഇതിനിടെ ഹോട്ടലിനെതിരായ പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലിൽ നിന്നെടുത്ത മീൻ സാമ്പിള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലിലേക്ക് മീൻ എത്തിച്ച സ്ഥാപനത്തിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. ഹോട്ടലിൽ വൃത്തിഹീനതയും കണ്ടെത്തിയിട്ടില്ലെന്ന് പരിശോധന സംഘം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഴിഞ്ഞത്തെ ‘അസ്മാക്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയുമാണ് മരിച്ചത്. നിലമേൽ നിന്ന് രാത്രി 9 മണിയോടെ ആറംഗ കുടുംബം വിഴിഞ്ഞത്തേക്ക് എത്തിയിരുന്നു. രാത്രി 11 മണിയോടെ ഹോട്ടലിൽ കണവ തോരൻ, മീൻമുട്ട, പൊറോട്ട, അപ്പം എന്നിവ കഴിച്ചു.
മടക്കയാത്രയ്ക്കിടെ പുലർച്ചെ 1 മണിയോടെ റഷീദ ബീവിക്ക് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടു. നെഞ്ചുവേദനയും സംസാരിക്കാൻ കഴിയാത്തവിധം നാവിന്
തളർച്ചയും ഉണ്ടായി. ഭക്ഷണം കഴിച്ച ആറുപേരിൽ നാലുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ സജീന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഷാജിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലും റഷീദ ബീവിയുടേത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്.



