
തിരുവനന്തപുരം : വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെത്തുടർന്ന് പോലീസ് ഹോട്ടല്‍ അടപ്പിച്ചു.
ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകള്‍ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലില്‍ വിശദമായ പരിശോധന നടത്തും. ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതിദിനം 400-ലധികം ആളുകള്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും, മറ്റാർക്കും ഇത്തരത്തില്‍ സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മീൻ വിഭവങ്ങള്‍ കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേരാണ് മരണപ്പെട്ടത്. നിലമേല്‍ പ്ലാച്ചിയോട് സ്വദേശിനി റഷീദ് ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷീദ് ബീവിയുടെ മകള്‍ സജി മോളെ അതീവ ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില നിലവില്‍ നിരീക്ഷണത്തിലാണ്.
അഞ്ചംഗ സംഘമാണ് വിഴിഞ്ഞത്ത് ഭക്ഷണം കഴിക്കാനായി എത്തിയത്. എന്നാല്‍ മടക്കയാത്രയ്ക്കിടെ സംഘത്തിലുള്ളവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിർഭാഗ്യവശാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും റഷീദ് ബീവി മരണപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം സംഭവിച്ചത്.



