വീണ്ടും നോട്ടിരട്ടിപ്പ് തട്ടിപ്പ്: കോടികൾ കിട്ടാൻ വണ്ടിയുമായി മാവേലിക്കരയിലെത്തിയവർക്ക് അടിയും കിട്ടി പണവും പോയി; 12 ലക്ഷം പോയത് മാവേലിക്കര സ്വദേശികൾക്ക്; പ്രതികൾ പൊലീസ് പിടിയിലായി
സ്വന്തം ലേഖകൻ
മാവേലിക്കര: ലക്ഷങ്ങൾ കോടികളാക്കി മാറ്റുന്ന മാന്ത്രിക വിദ്യയിൽ വിശ്വസിച്ച് എത്തിയ കാസർകോടുകാർക്ക് നല്ല ഇടിയും കിട്ടി പണവും പോയി. കാസർകോട് സ്വദേശികളെയാണ് തട്ടിപ്പ് സംഘം മാവേലിക്കരയിൽ വിളിച്ചു വരുത്തി ആക്രമിച്ച് പണം കവർന്നെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കേക്കര പളളിക്കൽ കിഴക്ക് വാലയ്യത്ത് രാധാകൃഷ്ണൻ. (62), ചേർത്തല കൊക്കോതമംഗലം വാരനാട് കുന്നത്തു പത്മാലയത്തിൽ രത്നാവതി (48), ഭരണിക്കാവ് വടക്ക് ചൂരയ്ക്കാത്തറയിൽ വിനോദ് (39), കോട്ടയം എളംകുളം വഞ്ചിമല വേഴാമ്പശേരിൽ ബെന്നി ചാക്കോ (50), കണ്ണൂർ ഇരിക്കൂർ കല്യാട് സഫൂറ മൻസിലിൽ ഷഫീക്ക് (36), തലശേരി കുറിച്ചിയിൽ തീർത്ഥപ്പൊയിൽ ഷിഹാബ് അമ്പലത്തുംകണ്ടി (38) എന്നിവരാണ് പിടിയിലായത്.കാസർകോട് ചെർക്കളയിൽ ടയർ ഷോപ്പ് നടത്തുന്ന തെക്കിൽ വില്ലേജിൽ ബണ്ടിച്ചാൽ ദേശത്ത് എയ്യള വീട്ടിൽ അബ്ദുൽ ജാഫർ (36), സുഹൃത്തുക്കളായ അബ്ദുൽ റഹ്മാൻ തൗഫീർ (23), പട്ടാമ്പി സ്വദേശി സുലൈമാൻ (46) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
നോട്ടിരട്ടിപ്പു നടത്തുന്നതിനായി കണ്ണൂർ സ്വദേശി ഷഫീക്കിനെ ബന്ധപ്പെട്ടു. ഇയാളാണ് മാവേലിക്കരയിൽ ഇടപാടുകാരുണ്ടെന്ന് അറിയിച്ചത്. ഇതനുസരിച്ച് മൂവരും ചേർന്ന് 12 ലക്ഷം രൂപ സംഘടിപ്പിച്ചു. 12 ലക്ഷം രൂപ കൊടുത്താൽ 25 ലക്ഷത്തിന്റെ കറൻസി നൽകാമെന്നായിരുന്നു വ്യവസ്ഥ. റിസർവ് ബാങ്ക് നോട്ടുനിരോധന സമയത്ത് പല പ്രസുകളിലായി ഒരേ നമ്പരിലുളള നോട്ടുകൾ അടിച്ചുവെന്നും അതിൽ വിതരണം ചെയ്യാത്ത നോട്ടുകളാണ് നൽകുന്നതെന്നുമാണ് ഷഫീക്കും കൂട്ടാളി ഷിഹാബും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
ഷഫീക്കും ഷിഹാബും ചേർന്ന് ചേർത്തല സ്വദേശിനിയായ മാഡം എന്ന് വിളിക്കുന്ന രത്നാവതിയെ (48) ബന്ധപ്പെട്ടു. ഇവർ നോട്ട് ഇടപാടുകാരനായ ഭരണിക്കാവ് സ്വദേശി രാധാകൃഷ്ണനെ പരിചയപ്പെടുത്തി. ഇയാളുടെ നിർദ്ദേശപ്രകാരം 9ന് രാവിലെ 7.30 മാവേലിക്കര റയിൽവേ സ്‌റ്റേഷനു മുമ്പിൽ എത്താൻ യാത്രതിരിച്ച സംഘം 8ന് എറണാകുളത്തു നിന്ന് നോട്ട് എണ്ണുന്ന മെഷീനും വാങ്ങിയാണ് മാവേലിക്കരയിലെത്തിയത്. തുടർന്ന് ഇവരെ ഇടനിലക്കാരായ രത്നാവതി, ഷഫീക്ക്, ഷിഹാബ്, ബെന്നി ചാക്കോ എന്നിവർ ബന്ധപ്പെട്ടു. ഒരാൾ മാത്രം കൂടെ വന്നാൽ മതിയെന്നു പറഞ്ഞ് രാധാകൃഷ്ണൻ അബ്ദൂൽ ജാഫറിനെയും കൂട്ടി ബൈക്കിൽ പോയി. രാധാകൃഷ്ണന്റെ കൂട്ടാളിയായ വിനോദിന്റെ കാറിൽ, പണത്തിനായി വന്ന മ?റ്റു രണ്ടാളുകൾക്കൊപ്പം രത്നാവതിയും കയറി വാത്തികുളത്തുളള ആളൊഴിഞ്ഞ വീട്ടിലെത്തി. അവിടെ വച്ച്, അബ്ദുൽ ജാഫറിന്റെ കൈവശം 12 ലക്ഷം രൂപയുണ്ടെന്ന് ബോദ്ധ്യപ്പെട്ട സംഘം പകരം നൽകാൻ തങ്ങളുടെ കൈവശമുള്ള നോട്ടിലെ 1,20,000 രൂപ കാണിച്ചു. അത് മെഷീനിൽ എണ്ണി ബോദ്ധ്യപ്പെട്ട ശേഷം 25 ലക്ഷം രൂപയെടുക്കാനെന്ന വ്യാജേന അബ്ദൂൽ ജാഫറിനെ ബൈക്കിൽ കയറ്റി ഉമ്പർനാട് കിഴക്ക് ശാസ്താംനട ക്ഷേത്രത്തിനു സമീപമെത്തിച്ചു. തുടർന്ന് വണ്ടിനിറുത്തി അബ്ദുൽ ജാഫറിന്റെ കൈയിലിരുന്ന 12 ലക്ഷം രൂപയടങ്ങിയ കവർ തട്ടിപ്പറിച്ചെടുത്ത് രാധാകൃഷ്ണനും സംഘവും കടന്നുകളയുകയായിരുന്നു.
അബ്ദുൽ ജാഫർ അറിയിച്ചതനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ച മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്ത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. തട്ടിയെടുത്ത 12 ലക്ഷം രൂപ രാധാകൃഷ്ണന്റെയും രത്നാവതിയുടെയും വിനോദിന്റെയും കൈയിൽ നിന്നു പിടിച്ചെടുത്തു. രാധാകൃഷ്ണൻ മുമ്ബ് കളളനോട്ടുകേസിൽ ശിക്ഷയനുഭവിച്ചിട്ടുളളയാളാണ്. പ്രതികൾ എല്ലാവരും അന്തർസംസ്ഥാന തലത്തിൽ റൈസ് പുളളർ, ഇരുതല മൂരി, കരി മഞ്ഞൾ, വൈരക്കല്ല്, ഇറിഡിയം മുതലായ തട്ടിപ്പുകൾ വർഷങ്ങളായി നടത്തിവരുന്നതാണെന്നും തട്ടിപ്പിനിരയാവുന്നവർ പരാതികളുമായി പോകാത്തതിനാൽ പിടിക്കപ്പെടാറില്ലെന്നും പൊലീസ് പറഞ്ഞു. മാവേലിക്കര സി.ഐ പി.ശ്രീകുമാറിനോടൊപ്പം എസ്.ഐ എസ്.പ്രദീപ്, എ.എസ്.ഐമാരായ ടി.എസ്. അരുൺകുമാർ, കെ. ബാബുക്കുട്ടൻ, ആനന്ദകുമാർ, സീനിയർ സി.പി.ഒമാരായ സിനു വർഗ്ഗീസ്, ജി. രാജീവ്, രേണുക, ശ്രീകല, സി.പി.ഒ ഗോപകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.