രക്ഷാപ്രവർത്തനത്തിനിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: മാസങ്ങൾക്ക് മുൻപ് മരിച്ചയാളുടെ മൃതദേഹം ഇടിഞ്ഞ വീടിനുള്ളിൽ; സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ: കനത്ത മഴയിൽ തകർന്ന വീടിനുള്ളിൽ രക്ഷാ പ്രവർത്തനം നടത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാസങ്ങൾക്ക് മുൻപ് മരിച്ചയാളുടെ മൃതദേഹമാണ് തകർന്ന് തരിപ്പണമായ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം രക്ഷാ പ്രവർത്തകർ നീക്കം ചെയ്തു. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കക്കാട് കോർജാൻ യു.പി.സ്‌കൂളിനു സമീപം പ്രഫുൽനിവാസിൽ താമസിക്കുന്ന രൂപ(70)യുടെ മൃതദേഹമാണ് തകർന്ന വീട്ടിൽ നിന്നും കണ്ടെത്തിയത്. അവശയായി കിടന്ന പ്രായമായ മറ്റൊരു സ്ത്രീയെയും ഇവിടെ നിന്നും രക്ഷിച്ച് പുറത്തെടുത്തിട്ടുണ്ട്.
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്. വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടർന്ന് അവരും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങൾക്കുമുൻപേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ.