play-sharp-fill
പ്രളയ രക്ഷാപ്രവർത്തനത്തിന് ഡീസൽ വിട്ടു നൽകിയില്ല: സൈന്യം പെട്രോൾ പമ്പ് പിടിച്ചെടുത്ത് ഡീസലടിച്ചു; സംഭവം വയനാട് കൽപ്പറ്റയിൽ

പ്രളയ രക്ഷാപ്രവർത്തനത്തിന് ഡീസൽ വിട്ടു നൽകിയില്ല: സൈന്യം പെട്രോൾ പമ്പ് പിടിച്ചെടുത്ത് ഡീസലടിച്ചു; സംഭവം വയനാട് കൽപ്പറ്റയിൽ

സ്വന്തം ലേഖകൻ

വയനാട്: ജീവൻ പണയം വച്ച് പ്രളയജലത്തിൽ നിന്നും നാടിനെ രക്ഷിക്കാനിറങ്ങിയ സൈനികർക്ക് ആവശ്യത്തിന് ഇന്ധനം നൽകാതെ പെട്രോൾ പമ്പ് ഉടമകളുടെ അഹങ്കാരത്തിന് സൈന്യത്തിന്റെ മുട്ടൻ തിരിച്ചടി. സൈനിക വാഹനങ്ങൾക്ക് ഇന്ധനം നൽകാതിരുന്ന പമ്പ് പിടിച്ചെടുത്ത്, ഇന്ധനം നിറച്ച് ശേഷം സൈന്യം രക്ഷാ പ്രവർത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു.
കാലാവസ്ഥ മോശമായതിനാൽ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്. മൈലേജ് വളരെ കുറവായ ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലെ മൂന്ന് പെട്രോൾ പമ്പുകളിലാണ് ഇന്ധനത്തിനായി സൈന്യം സമീപിച്ചത്. എന്നാൽ പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലന്നും റവന്യൂ വകുപ്പ് രസീത് നൽകിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ മടിക്കുകയായിരുന്നു. രണ്ട് തവണ ഇന്ധനം നൽകണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥർ സംസാരിച്ചുവെങ്കിലും പമ്പുടമകൾ നിലപാടു മാറ്റിയില്ല. തുടർന്ന് സൈന്യം പെട്രോൾ പമ്പുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുരന്ത നിവാരണത്തിൽ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകൾ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനമടിച്ച ശേഷം മടങ്ങുകയായിരുന്നു.
സംസ്ഥാനം നേരിടുന്ന വലിയ പ്രളയക്കെടുതിയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ സൈന്യവുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന പമ്പ് ഉടമകളുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പമ്പുകാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സാധാരണക്കാരുടെ ആവശ്യം.