
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തിന് 9 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമാ കളക്ടീവ്.
നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
9 വർഷം പിന്നിടുമ്പോഴും നീതി എത്രത്തോളം എന്ന ചോദ്യമുയർത്തിയാണ് ഡബ്യു സി സി അവൾക്കൊപ്പം ക്യാമ്പെയിൻ വീണ്ടും സജീവമാക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നാളെ വൈകിട്ട് 6 മണിക്ക് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീതിക്കെതിരെ പ്രതികരിച്ച് സധൈര്യം പോരാടിയ നടിയുടെ ഇനിയുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് വുമൺ കളക്ടീവ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുട്ടിന്റെ മറ നീക്കി വെളിച്ചത്തിന്റെ തിരി തെളിക്കാൻ ഏവരും മുന്നോട്ട് വരണമെന്നും ഡബ്യു സി സി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡബ്യു സി സി ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരം
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു
#അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു.
പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്യു സി സി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.
നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
നടിയെ വാഹനത്തിൽ ബലാത്സംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിടുകയും ചെയ്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയായിരുന്നു വിധി പ്രസ്താവം.



