
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷയും വിവിധ ക്ഷേമനിധി പെൻഷനുകളും ഈ മാസം 25 മുതൽ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ അനുവദിച്ചു. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് ലഭിക്കുക.
ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തി പണം കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതത് ബോർഡുകൾ മുഖേന വിതരണം ചെയ്യും.
ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേരുടെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നൽകേണ്ടതാണ്. ഇത് പലപ്പോഴും വൈകുന്നതിനാൽ, കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 24.21 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചു. ഈ തുക പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇത്തരം വൈകിപ്പിക്കൽ ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ നിലവിലെ സർക്കാർ ക്ഷേമപെൻഷനായി 49,433.83 കോടി രൂപ വിതരണം ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 35,154 കോടി രൂപ നൽകി. 2011–16 കാലത്തെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. അന്ന് പെൻഷൻ തുക 600 രൂപയായിരുന്നു. പിന്നീട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി ഇത് 2,000 രൂപയായി ഉയർത്തി.
ഇപ്പോൾ പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെൻഷനായി വിതരണം ചെയ്യുന്നത്. കുടിശികകളില്ലാതെ ഓരോ മാസവും വിതരണം നടക്കുന്നു. വർഷത്തിൽ ഏകദേശം 14,500 കോടി രൂപയാണ് ക്ഷേമപെൻഷൻ ചെലവ്, അടുത്ത വർഷത്തേക്കുള്ള വകയിരുത്തലും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



