
ആലപ്പുഴ: മേജർ തൃക്കുരട്ടി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള എതിരേൽപ്പ് ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി.
കടപ്ര കൈനിക്കര മഠം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി. രജീഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് തൃക്കുരട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഘോഷയാത്ര പുത്തൻപള്ളി ജുമാ മസ്ജിദിന്റെ പ്രധാന പ്രവേശന കവാടത്തിൽ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേറ്റു.
ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽ നായർ ഉത്രാടം, അനുകുമാർ ഭാനുഭവനം, അനീഷ് റാം ശ്രീവല്ലഭം, മഹാദേവ സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം എന്നിവരെ ജമാഅത്ത് ഭാരവാഹികൾ ഷാൾ അണിയിച്ചും ബൊക്കെ നൽകി ആദരിച്ചു. ജമാഅത്ത് പ്രസിഡന്റ് എൻ.എ റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി എ.എ കലാം, വൈസ് പ്രസിഡന്റ് എം.കെ മിർസാദ്, സെക്രട്ടറി അബ്ദുൽ കലാം തറയിൽപ്പള്ളത്ത്, ഖജാൻജി കെ.എം ഷിയാദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


