വേനൽ കനത്തു; മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ പരിശോധനയില്ലാതെ കുടിവെള്ള വിതരണം;തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിക്കുന്ന ലൈസൻസുകളില്ല

Spread the love

കോട്ടയം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷം. ഇത് മുതലെടുത്ത് കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്.

video
play-sharp-fill

പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം ശുദ്ധമാണോയെന്നതിൽ യാതൊരു ഗ്യാരന്റിയുമില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിക്കുന്ന ലൈസൻസുകളില്ലാതെയാണ് കുടിവെള്ള വിതരണം.

ഇതോടെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ജില്ലയിലെ നദികളിലും, തോടുകളിലും, കിണറുകളിലും ജലനിരപ്പ് അപകടകരമായി താഴുകയാണെന്ന് ജലവകുപ്പ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാക്കനിയാണ്. ആറുകളുടെ പല ഭാഗങ്ങളിലും വെള്ളം വറ്റി മണൽക്കൂനകൾ തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ വാട്ടർ അതോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചു. ഈ അവസ്ഥ തുടർന്നാൽ മാർച്ച് മുതൽ കൊടുംവരൾച്ചയിലേയ്‌ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

വില്പനക്കാരുടെ മേൽ നിയന്ത്രണമില്ല
ആരോഗ്യ – ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ് ടാങ്കറുകൾ പരിശോധിക്കേണ്ടത്. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ, വിതരണം ചെയ്യുന്ന വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് കണ്ടെത്താനും സംവിധാനമില്ല.

ആർ.ഒ പ്ളാന്റുകളിൽ നിന്ന് ശേഖരിച്ച് ശുദ്ധമാക്കി കുടിവെള്ളം വിതരണം ചെയ്യുന്നവരുണ്ട്. എന്നാൽ അവസരവും ആവശ്യവും മുതലെടുത്താണ് മറ്റൊരു വിഭാഗം ശുദ്ധവെള്ളമെന്ന പേരിൽ നേരിട്ട് വെള്ളം ശേഖരിച്ച് വിൽക്കുന്നത്.

പണം സമ്പാദിക്കുക മാത്രമാണ് ലക്ഷ്യം. ടാങ്കറുകളിൽ ജി.പി.എസ് അടക്കം ഘടിപ്പിച്ച് നിരീക്ഷിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരാവാദിത്വമുണ്ടെങ്കിലും നടപ്പാകുന്നില്ല.

ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ചൂടിൽ മുന്നിലുള്ള പുനലൂരേക്കാൾ 1.4 ഡിഗ്രിയും, പാലക്കാട്ടേക്കാൾ 3.4 ഡിഗ്രിയും കൂടുതൽ. ഒരാഴ്ച കൂടി ശക്തമായ ചൂട് തുടരുമെന്നാണു മുന്നറിയിപ്പ്.

സംസ്ഥാനത്ത് കോട്ടയത്ത് മാത്രമാണ് ഫെബ്രുവരിയിൽ സാധാരണ നിലയിലുള്ളതിനേക്കാൾ കൂടിയ താപനില സ്ഥിരമായി രേഖപ്പെടുത്തുന്നത്