ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവ്; 6.711 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്

Spread the love

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവ്. ഫെബ്രുവരി 6ന് അവസാനിച്ച ആഴ്ചയില്‍ 6.711 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

video
play-sharp-fill

ഇതോടെ കരുതല്‍ ശേഖരം 717.064 ബില്യണ്‍ ഡോളറായി കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിലാണ് കരുതല്‍ ശേഖരം എക്കാലത്തെയും വലിയ റെക്കോർഡായ 723.774 ബില്യണ്‍ ഡോളറില്‍ എത്തിയത്.

 

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ഉയർച്ചയിലായിരുന്ന വിദേശനാണ്യ ശേഖരത്തിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. വിദേശ കറൻസി ആസ്തികള്‍ വർധിച്ചെങ്കിലും സ്വർണ ശേഖരത്തില്‍ കാര്യമായ കുറവുണ്ടായതാണ് ഇതിന് പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇടിവിന് കാരണം സ്വർണ ശേഖരം

 

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തി 7.661 ബില്യണ്‍ ഡോളർ ഉയർന്ന് 570.053 ബില്യണ്‍ ഡോളറായി. എന്നാല്‍, സ്വർണ ശേഖരം 14.208 ബില്യണ്‍ ഡോളർ കുറഞ്ഞ് 123.476 ബില്യണ്‍ ഡോളറിലെത്തി.

 

രാജ്യത്തിന്റെ ഇപ്പോഴത്തെ വിദേശനാണ്യ ശേഖരം 11 മാസത്തിലധികം ചരക്ക് ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് റിസർവ് ബാങ്ക് ഈ മാസം ആദ്യം നടന്ന ധനനയ അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

 

ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തുടരുകയാണെന്നും രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ആർബിഐ അറിയിച്ചു.

 

കണക്കുകള്‍ പ്രകാരം, 2025-ല്‍ ഇതുവരെ 56 ബില്യണ്‍ ഡോളറിന്റെ വർധനയാണ് കരുതല്‍ ശേഖരത്തില്‍ ഉണ്ടായത്. 2024-ല്‍ ഇത് 20 ബില്യണ്‍ ഡോളറായിരുന്നു. 2023-ല്‍ 58 ബില്യണ്‍ ഡോളർ വർധിച്ചപ്പോള്‍, 2022-ല്‍ 71 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

 

ഒരു രാജ്യത്തിന്റെ സെൻട്രല്‍ ബാങ്ക് കൈവശം വെക്കുന്ന വിദേശ കറൻസികളിലുള്ള ആസ്തികളെയാണ് വിദേശനാണ്യ കരുതല്‍ ശേഖരം എന്ന് പറയുന്നത്. പ്രധാനമായും യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് തുടങ്ങിയ കറൻസികളിലാണ് ഇത് സൂക്ഷിക്കുന്നത്.

 

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് പലപ്പോഴും ഡോളർ വിറ്റ് കമ്പോളത്തില്‍ ഇടപെടാറുണ്ട്. രൂപയുടെ മൂല്യം കൂടുമ്പോള്‍ ഡോളർ വാങ്ങുകയും മൂല്യം കുറയുമ്പോള്‍ വില്‍ക്കുകയുമാണ് ആർബിഐയുടെ തന്ത്രം.