
തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. സിപിഐഎം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണ്.
രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്‌എഫ്‌ഐ ക്രിമിനലുകൾ ആക്രമിച്ചപ്പോള്‍ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകല്‍ ഒരു ക്രിമിനല്‍ കുത്തി പരിക്കേല്‍പ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും മര്‍ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്‌എഫ്‌ഐ സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിര്‍വഹണമാണിത്?



