
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന ഹർജികള്‍ തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.
2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വർഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.
ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജികള്‍ കോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഹർജികളില്‍ വാദം നടക്കുമോയെന്നത് ശ്രദ്ധേയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജികള്‍ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. 1990ല്‍ എസ് മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാല്‍പര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.
2018 സെപ്‌തംബർ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു.



