
തിരുവനന്തപുരം: കോട്ടയത്ത് കിഫ്ബി ഫണ്ട് കൊണ്ട് നടപ്പാക്കിയത് വലിയ വികസന പദ്ധതികളാണെന്ന് മന്ത്രി വിഎൻ വാസവൻ.
കോട്ടയം ജില്ലയിൽ തന്‍റെ മണ്ഡലത്തിലാണ് കിഫ്ബിയുടെ ഫണ്ട് കൂടുതലും വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിലൊന്ന് മെഡിക്കൽ കോളേജാണ്.
1250 കോടിയുടെ വികസനപ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ നടപ്പിലാക്കി. എംജി യൂണിവേഴ്സിറ്റിയുടെ പശ്ചാത്തല വികസനം, ലാബ്, സ്പോർട്സ് കോംപ്ലക്സ് തുടങ്ങി 500 കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പിലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ജില്ലാ ആശുപത്രി മന്ദിരമടക്കം ആശുപത്രി കെട്ടിടങ്ങൾ, കുടുവെള്ള പദ്ധതി, പാലങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കിഫ്ബി വഴി കോട്ടയത്ത് നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.
സർക്കാർ നടപ്പാക്കിയിട്ടുള്ള ദിശാബോധം നൽകുന്ന വികസനപ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് വിഴിഞ്ഞം തുറമുഖമെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി മാത്രം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഭാവിയിൽ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള വികസന മുന്നേറ്റം കേരളത്തിനും രാജ്യത്തിനും വിഴിഞ്ഞം തുറമുഖത്തിലൂടെ ഉണ്ടാകും.
കൊളംബോയിലോ ദുബൈയിലോ പോലും വരാത്ത വമ്പൻ ഷിപ്പുകൾ വന്ന് പോയി എന്നത് ചുരുങ്ങിയ കാലം കൊണ്ടുണ്ടായ വലിയ നേട്ടമാണ്.
ഒന്നാം ഘട്ടത്തിൽ ഇത്രയേറെ ബിസിനസ് നടക്കുന്നുണ്ടെങ്കിൽ രണ്ടും മൂന്നും ഘട്ടങ്ങൾ കഴിയുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാനാകും. ക്രൂയിസ് കപ്പലുകൾ കൂടി വരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലയുൾപ്പടെ വലിയ വികസനം കേരളത്തിനുമുണ്ടാകും.
റോഡ് കണക്ഷനു വേണ്ടിയുള്ള സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
റെയിൽവേ കണ്ക്ടിവിറ്റിക്കായി 10.7 കി.മി ആണ് വേണ്ടത്. അതിൽ രണ്ട് വില്ലേജുകളിൽ സ്ഥലമെടുപ്പ് പൂർത്തിയായി. ഇതിൽ 9.2 കി.മി തുരങ്കപാതയാണ്.
തുരങ്കപാതയ്ക്കുള്ള സർവ്വേ നടന്നു കഴിഞ്ഞു. കൊങ്കൺ റെയിൽവേയാണ് ഡിപിആർ തയ്യാറാക്കിയത്. ഇത് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകരിച്ചു. പരിസ്ഥിതി ആഘാത പഠനവും, സാമൂഹിക ആഘാത പഠനവും പൂർത്തിയായി അംഗീകാരം ലഭിച്ചു.
ഇനി വിഴിഞ്ഞം പ്രദേശത്തെ കുറച്ച് സ്ഥലം ഏറ്റെടുപ്പ് കൂടിയാണ് ബാക്കിയുള്ളത്. തുരങ്കപാത ആയതിനാൽ ആരെയും ഒഴിപ്പിക്കാതെ തന്നെ വളരെ ഭംഗിയായി പാത നടപ്പാക്കാനാകും. 2028ൽ കമ്മീഷൻ ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്.
സംസ്ഥാന സർക്കാർ ഇതിനായി 1482 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്‍റ് തരേണ്ട ഗ്രാന്‍റ് നയാ പൈസ തന്നില്ല. നമുക്ക് അവസാനം തന്നത് ലോൺ ആണ്. വിഴിഞ്ഞത്ത് നബാർഡ് വായ്പയാണ് സഹായകമായത്.



