
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്.
മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതില്‍ വ്യക്തമാകുന്നു. ദേവസ്വം ബോർഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്.
സ്പോണ്‍സർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും കണക്കുകള്‍ പറയുന്നു.
അതുപോലെ ബജറ്റില്‍ നിശ്ചയിച്ചതിലും ഉയർന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടില്‍നിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളില്‍ പലതിലും കൃത്യതയില്ല. കൂടാതെ പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെൻഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കണക്കില്‍ കാണിച്ചിരിക്കുന്നു.
എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടർ ടാങ്ക് ഇപ്പോള്‍ കാണാനില്ല. അതുപോലെ മെത്തകള്‍ 150 എണ്ണം വാങ്ങിയെന്ന് കണക്കില്‍ പറയുന്നുണ്ടെങ്കിലും സ്വത്തുവകയായി കാണിച്ചതില്‍ 50 എണ്ണമില്ല
150 മെത്തകള്‍ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.
ചെലവായി കാണിച്ചിരിക്കുന്ന ചില ഇനങ്ങള്‍
. ടാക്സ്‌സിചാർജ് – 10.57 ലക്ഷം
. എട്ട് അടി ഉയരമുള്ള സുരക്ഷാവേലി – 3.24 ലക്ഷം
. വി.ഐ.പി.കള്‍ക്ക് ഭക്ഷണവിതരണം – 30,000
. പ്രഭാതഭക്ഷണം (4000 പേർ) – 4.2 ലക്ഷം
. 11 മണി ചായ, സ്‌നാക്‌സ് (5000 പേർ) – 2 ലക്ഷം
. ഉച്ചഭക്ഷണം (5000 പേർ) – 8.5 ലക്ഷം
. വൈകീട്ട് ചായ (5000 പേർ) – 2 ലക്ഷം
. രാത്രിഭക്ഷണം (3000 പേർ) – 4.5 ലക്ഷം
. ഡീസല്‍ – 7.44 ലക്ഷം



