
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്കി വൻ നീക്കവുമായി എം.കെ.
സ്റ്റാലിൻ സർക്കാർ. സാമൂഹികമാധ്യമമായ എക്സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേർന്ന മൂവായിരം രൂപയും പ്രത്യേക വേനല്‍ക്കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.
കൂടാതെ സ്റ്റാലിൻ സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാല്‍ ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതി പ്രകാരം നല്കുന്ന തുക ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി ഉയർത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പില്‍ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുപോലെ തിരഞ്ഞെടുപ്പ് വരുന്നത് ചൂണ്ടിക്കാണിച്ച് മൂന്നുമാസത്തെ ധനസഹായവിതരണം തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
എന്നാല്‍, ഈ ദ്രവീഡിയൻ മോഡല്‍ സർക്കാർ അതിനെ അതിജീവിച്ചെന്നും ഈ ധനസഹായം, സ്റ്റാലിൻ തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് നല്കിയ ഉറപ്പായതിനാല്‍ ആര് തടസ്സം സൃഷ്ടിച്ചാലും താൻ അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.



