കോട്ടയം ജില്ലയിലെ സി പി എം സ്ഥാനാർത്ഥി നിർണയം 16-ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനമാകും: പുതുപ്പള്ളിയിൽ പഴയ മുഖങ്ങളിൽ ആരും മത്സരത്തിനില്ല: അതിനാൽ പൊതു സ്വതന്ത്രനെ തേടുന്നു: കോട്ടയത്ത് കെ. അനിൽകുമാർ തന്നെ.

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ കോട്ടയത്തും ചർച്ചകള്‍ പുരോഗമിക്കുകയാണ്.
എല്‍.ഡി.എഫില്‍ മന്ത്രി വി.എൻ. വാസവൻ തന്നെ ഏറ്റുമാനൂരില്‍ വീണ്ടും മത്സരിക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ആര്‌ മത്സരിക്കണമെന്ന കാര്യത്തില്‍ പ്രാഥമിക ചർച്ചകളിലും തീരുമാനമായിട്ടില്ല.

video
play-sharp-fill

ഉമ്മൻ ചാണ്ടിക്കെതിരേയും ചാണ്ടി ഉമ്മനെതിരേയും മത്സരിച്ച ജെയ്‌ക്‌ സി. തോമസ്‌ ഇത്തവണ പുതുപ്പള്ളിയിലിറങ്ങില്ല. ചാണ്ടി ഉമ്മനെതിരേ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ആരായുന്നത്. കരുത്തനായ സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കുന്നത്‌ ഗുണകരമാകുമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്താൻ ജില്ലാ സെക്രട്ടേറിയറ്റിന് നിർദ്ദേശം നല്‍കി.

സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ, കർഷകസംഘം ജില്ലാസെക്രട്ടറി കെ.എം. രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളാണ്‌ പുതുപ്പള്ളിക്ക് ആദ്യം പരിഗണനയില്‍വന്നത്. പക്ഷേ, ഇരുവരും താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. പാർട്ടിക്കും മുന്നണിക്കും പുറത്തുനിന്നുള്ള വോട്ടുകളും സമാഹരിക്കുന്ന വ്യക്തിവേണമെന്ന അഭിപ്രായം വന്നതോടെയാണ് പൊതുസ്വതന്ത്രനെക്കുറിച്ച്‌ ചർച്ച വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത്‌ സംസ്ഥാനക്കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ പേരിന്‌ തന്നെയാണ്‌ പ്രഥമ പരിഗണന. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ മണ്ഡലങ്ങളില്‍ സിറ്റിങ്‌ എം.എല്‍.എ.മാരായ കേരള കോണ്‍ഗ്രസ്‌ എമ്മിലെ എൻ. ജയരാജ്‌, ജോബ്‌ മൈക്കിള്‍, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കല്‍ എന്നിവർതന്നെ മത്സരിക്കും. വൈക്കത്ത്‌ സി.പി.ഐ. യില്‍ രണ്ട്‌ ടേം എന്നതില്‍ ഇളവ്‌ ലഭിച്ചാല്‍ സി.കെ. ആശ തന്നെ വീണ്ടും രംഗത്തിറങ്ങും.

പാലായില്‍ കേരള കോണ്‍ഗ്രസ്‌ (എം) ചെയർമാൻ ജോസ്‌ കെ. മാണി സ്‌ഥാനാർഥിയാകും. കടുത്തുരുത്തിയില്‍ സ്‌റ്റീഫൻ ജോർജ്‌, ജോസ്‌ പുത്തൻകാലാ, സഖറിയാസ്‌ കുതിരവേലി എന്നിവരുടെ പേരുകള്‍ക്കാണ്‌ പ്രഥമ പരിഗണന. മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയോഗം 16-ന് നടക്കും.
അന്നത്തേക്ക് പ്രാഥമികമായി സ്ഥാനാർഥിക്കാര്യത്തില്‍ രൂപരേഖ തയ്യാറാക്കിവെക്കണം. കഴിഞ്ഞ ജില്ലാകമ്മിറ്റിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.