
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില്‍ കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തകർത്ത് കേരളം ഉജ്ജ്വല വിജയം കൈവരിച്ചു.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന കേരളം, ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 239 റണ്‍സിന്റെ കരുത്തിലാണ് മത്സരത്തില്‍ പിടിമുറുക്കിയത്. 168 പന്തില്‍ നിന്ന് 108 റണ്‍സ് നേടി സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ അർജുൻ വി. നായരുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
സായന്ത് എസ്. നായർ 38 റണ്‍സ് നേടി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്‌നാടിനെ കേരള ബൗളർമാർ വരിഞ്ഞുമുറുക്കി. തരുണ്‍ എം.എസ് നാല് വിക്കറ്റും, ധീരജ് കൃഷ്ണ മൂന്ന് വിക്കറ്റും വീഴ്ത്തിയതോടെ തമിഴ്‌നാടിന്റെ ആദ്യ ഇന്നിംഗ്‌സ് വെറും 124 റണ്‍സില്‍ അവസാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഫോളോ ഓണ്‍ ചെയ്യപ്പെട്ട തമിഴ്‌നാട് രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലും നാല് വിക്കറ്റ് വീഴ്ത്തിയ ധീരജ് കൃഷ്ണ കേരളത്തിനായി തിളങ്ങി.
വിജയലക്ഷ്യമായ 63 റണ്‍സ് പിന്തുടർന്ന കേരളത്തിന് തുടക്കത്തില്‍ പതറിയെങ്കിലും അശ്വിൻ രാജും ദക്ഷ് ശിവയും ചേർന്നുള്ള കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. സ്‌കോർ ബോർഡ് തുറക്കും മുൻപേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പ്രതിസന്ധി ഘട്ടത്തിലാണ് ഇരുവരും ചേർന്ന് 43 റണ്‍സ് കൂട്ടിച്ചേർത്തത്.
അശ്വിൻ 23 റണ്‍സുമായും ദക്ഷ് 12 റണ്‍സുമായും പുറത്താകാതെ നിന്ന് കേരളത്തെ വിജയതീരത്തെത്തിച്ചു.



