ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മിന്നും ജയം; വരുണിന് മൂന്ന് വിക്കറ്റ്, അക്‌സറിന് രണ്ട്;നമീബിയയെ തകര്‍ത്തത് 93 റണ്‍സിന്

Spread the love

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടച്ചയായ രണ്ടാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.

video
play-sharp-fill

ഇന്ത്യക്ക് ഇഷാന്‍ കിഷന്‍ (24 പന്തില്‍ 61), ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാസണ് (എട്ട് പന്തില്‍ 22) മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല.

നമീബിയക്ക് വേണ്ടി ജര്‍ഹാര്‍ഡ് ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ നമീബിയ 18.2 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 പന്തില്‍ 29 റണ്‍സെടുത്ത ലൗറന്‍ സ്റ്റീന്‍കാംപാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. ജാന്‍ ഫ്രിലിനിക്ക് (22), ജാന്‍ നിക്കോള്‍ ലോഫ്റ്റി (13), ജെര്‍ഹാര്‍ഡ് എറാസ്മസ് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജെജെ സ്മിത്ത് (0), സെയ്ന്‍ ഗ്രീന്‍ (11), മലാന്‍ ക്രൂഗര്‍ (5), റൂബന്‍ ട്രംപല്‍മാന്‍ (6), ബെര്‍ണാര്‍ഡ് ഷോള്‍ട്ട്‌സ് (4), ബെന്‍ ഷികോംഗോ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാക്‌സ് ഹെയ്ന്‍ഗോ (0) പുറത്താവാതെ നിന്നു.

നേരത്തെ, ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കൂടാരം കയറി.

പിന്നീട് ആക്രമണം ഇഷാന്‍ ഏറ്റെടുത്തു. തിലക് വര്‍മയ്‌ക്കൊപ്പം 79 റണ്‍സ് ചേര്‍ക്കാന്‍ ഇഷാന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ പുറത്തായി. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇഷാന് പിന്നാലെ സൂര്യകുമാര്‍ യാദവ് (12), തിലക് വര്‍മ (25) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ നാലിന് 124 എന്ന നിലയിലായി ഇന്ത്യ.