
കോട്ടയം: പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കാൻ തീരുമാനിച്ച് സിപിഎം. മുതിർന്ന നേതാക്കളായ സുഭാഷ് വർഗീസും റെജി സക്കറിയയുമാണ് സിപിഎം പരിഗണനിയില്‍ ഉള്ളത്.
മുതിർന്ന നേതാക്കളായ ഇരുവർക്കും മണ്ഡലത്തില്‍ ഉള്ള ബന്ധങ്ങള്‍ അനുകൂല ഘടകമാവുമെന്നാണ് സിപിഎം വിലയിരുത്തല്‍. ജെയ്ക്ക് സി. തോമസ് ഇത്തവണ മത്സരിക്കാനിടയില്ല.
സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വർഗീസിനാണ് പ്രഥമപരിഗണന. മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ഉയർത്തി നടത്തിയ സമരങ്ങളുടെ മുൻ നിരയില്‍ സുഭാഷ് വർഗീസുണ്ടായിരുന്നു. വർഗ ബഹുജന സംഘടന പ്രവർത്തനത്തിലൂടെ മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗമാണ് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ പേരുകാരനായ റെജി സക്കറിയ. എംജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായ റെജി സക്കറിയ പുതുപ്പള്ളി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 ലും 2021 ലും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ച ജെയ്ക്ക് സി.തോമസ് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനോട് 35000 ല്‍ പരം വോട്ടുകള്‍ക്ക് തോറ്റിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാട് പാർട്ടി നേതൃത്വത്തെ ജെയ്ക്ക് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
2023 ല്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ അനുകൂല സാഹചര്യം നിലവില്‍ ഇല്ല എന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. തദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ട് വ്യത്യാസം പതിനാലായിരമായി കുറഞ്ഞെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ശക്തമായ മത്സരത്തിലൂടെ ജയിച്ച് കയറാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.



