
പേരൂർക്കട: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ ആക്രമിക്കുകയും ആഭരണക്കവർച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘത്തെ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിൻ, സൂരജ്, സിപിഒമാരായ ബിനു, രഞ്ജിത്, ഡിക്സണ്‍, സുല്‍ഫി, അനീഷ്, അരുണ്‍, സുധീഷ് എന്നിവർ ചേർന്നു പിടികൂടി.
പട്ടം പ്ലാമൂട് പണയില്‍ വീട്ടില്‍ ആഷിക് (32), അയിരൂപ്പാറ പ്ലാക്കോട് ഉടുമ്പിലാംപ്ലാകത്ത് വീട്ടില്‍ ശ്രീജിത്ത് (32), കവടിയാർ നന്തൻകോട് മുല്ലശ്ശേരി ലെയിനില്‍ അൻസാർ (34) എന്നിവരാണ് പിടിയിലായത്.
പട്ടം പ്ലാമൂട് താര സാനിറ്ററി വെയറിനു സമീപം സ്വസ്തിയില്‍ രാജപ്പന്റെ മകൻ സുനില്‍കുമാറിന്റെ (46) വീട്ടിലാണ് അഞ്ചുപേർ ഉള്‍പ്പെട്ട സംഘം അതിക്രമിച്ച കയറിയത്. സുനിലിനെ പ്രതികള്‍ കമ്പികൊണ്ട് അടിക്കുകയും ഇയാളുടെ കഴുത്തില്‍ കിടന്ന സ്വർണമാല അപഹരിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ സുനില്‍കുമാറിന്റെ അക്കൗണ്ടില്‍നിന്നു ഗൂഗിള്‍ പേ വഴി പ്രതികളുടെ അക്കൗണ്ടിലേക്ക് 16,000 രൂപ നിർബന്ധിച്ച് അയപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സൈബർ സെല്ലിന്റെ സഹായത്തോടുകൂടി അക്കൗണ്ട് നമ്പർ, ഫോണ്‍ ലൊക്കേഷൻ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളില്‍ ഒരാളായ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണു പണം എത്തിച്ചേർന്നതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







