
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും.
വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഈ അന്വേഷണം നടക്കുക. 2017-ല്‍ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ഈ നീക്കം. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും പക്കലുള്ള പ്രധാന രേഖകള്‍ സംസ്ഥാന വിജിലൻസ് ഉടൻ ഏറ്റെടുക്കും.
അതേസമയം, കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളില്‍ വിവിധ കോടതികളില്‍ ഇന്നും വാദം തുടരുകയാണ്. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതിയില്‍ ഇന്ന് പ്രോസിക്യൂഷൻ തങ്ങളുടെ വാദങ്ങള്‍ നിരത്തും. തന്ത്രിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം ആരോപിക്കുമ്പോള്‍, താൻ ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്ന് തന്ത്രി വാദിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനുപുറമെ, കർണാടകയിലെ ജ്വല്ലറി ഉടമയായ ഗോവർധൻ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഗോവർധൻ പരമോന്നത കോടതിയെ സമീപിച്ചത്.



